ന്യൂഡൽഹി: 2002ൽ നടന്ന ഗുജറാത്ത് കലാപം സംബന്ധിച്ച പാഠഭാഗത്തിൽ എൻ.സി.ഇ.ആർ.ടി നിർണായക മാറ്റം വരുത്തുന്നു. എൻ.സി.ഇ.ആർ.ടിയുടെ പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് ‘ഗുജറാത്ത് കലാപം മുസ്ലിംകൾക്കെതിരെ’ എന്ന തലക്കെട്ടിലും വിശദീകരണത്തിലും തിരുത്തൽ വരുത്തുന്നത്. ‘മുസ്ലിംകൾക്കെതിരെ’ എന്ന ഭാഗം ഒഴിവാക്കും. മേയ് 11ന് ഡൽഹിയിൽ ചേർന്ന സി.ബി.എസ്.ഇ, എൻ.സി.ഇ.ആർ.ടി വിഭാഗങ്ങളുടെ കോഴ്സ് റിവ്യൂ കമ്മിറ്റി യോഗത്തിലാണ് ഗുജറാത്ത് കലാപത്തെ സംഘ് അനുകൂലമായി െവള്ളപൂശാനുള്ള തീരുമാനമെടുത്തത്.
എൻ.സി.ഇ.ആർ.ടി 2007ൽ പരിഷ്കരിച്ച പാഠപുസ്തകത്തിലായിരുന്നു ‘സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമുദായിക കലാപങ്ങൾ’ എന്ന അധ്യായത്തിൽ ഗുജറാത്ത് കലാപവും ഉൾക്കൊള്ളിച്ചത്. ഇൗ ഭാഗമാണ് അടുത്തവർഷം ഇറങ്ങുന്ന പാഠപുസ്തകത്തിൽ സംഘ്പരിവാർ അനുകൂലമാക്കി മാറ്റുന്നത്.
‘ഗുജറാത്ത് കലാപം മുസ്ലിംകൾക്കെതിരെ’ എന്ന തലക്കെട്ട് വെട്ടി ഗുജറാത്ത് കലാപം എന്ന് ചുരുക്കും. കലാപം വിശദീകരിക്കുന്നതിലും തിരുത്തലുകളുണ്ട്. 2002 ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ ഗുജറാത്തിൽ മുസ്ലിം വിഭാഗത്തിനുനേരെ നിരവധി കലാപങ്ങളാണ് നടന്നത് തുടങ്ങിയ പരാമർശങ്ങളൊന്നും പരിഷ്കരിക്കുന്ന പാഠഭാഗത്തിലുണ്ടാവില്ല. പകരം, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്ന കലാപങ്ങളിൽ ഒന്നാണ് 2002 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഗുജറാത്തിൽ നടന്ന കലാപം. അതിൽ ഏകദേശം 800 മുസ്ലിംകളും 250ലധികം ഹിന്ദുക്കളും കൊല്ലപ്പെട്ടു എന്നാക്കി മാറ്റാനാണ് തീരുമാനം.
കഴിഞ്ഞ മൂന്നു വർഷംകൊണ്ട് പാഠപുസ്തകങ്ങളിൽ വന്ന മാറ്റങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചുകൊണ്ടിരിക്കുകയാണ്. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ രാഷ്ട്രീയത്തിന് അനുസരിച്ചാണ് തയാറാക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ കൗൺസിൽ ഒാഫ് സോഷ്യൽ സയൻസ് റിസർച് വിഭാഗം തലവൻ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.